അബുദാബി :- ലുലു ഹൈപ്പർ മാർക്കറ്റിൽനിന്ന് ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം രൂപ) അപഹരിച്ചു മുങ്ങിയ കേസിൽ മലയാളി അബുദാബി പോലീസിൻ്റെ പിടിയിലായി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജ് ആയിരുന്ന നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ്(38) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് 25-നാണ് ഇയാളെ കാണാതായത്.
ഉച്ചയ്ക്ക് ജോലിക്കു ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷിക്കുകയായിരുന്നു. മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ആറ് ലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ലുലു ഗ്രൂപ്പ് അബുദാബിയിലെ അൽ ഖാലിദിയ പോലീസ് സ്റ്റേഷനിലും കേരളാ പോലീസിലും പരാതി നൽകിയത്. അബുദാബിയിൽ രഹസ്യകേന്ദ്രത്തിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.