കണ്ണൂർ :- ജില്ലയിൽ മെയ് 19-ന് ശുചിത്വ ഹർത്താൽ ആചരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ. മഴക്കാലപൂർവ ശുചീകരണം നടത്താനും മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയാനും ലക്ഷ്യമിട്ടാണിത്. ജൈവ - അജൈവ മാലിന്യം മുഴുവൻ നീക്കി സ്ഥാപനങ്ങളും മാർക്കറ്റും അടച്ചിട്ട് ശുചീകരണ പ്രവർത്തനം നടത്തലാണ് ശുചിത്വ ഹർത്താൽ.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഹർത്താലിന്റ ഭാഗമായി ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ബന്ധപ്പെട്ട ഏജൻസികളെ ഏൽപ്പിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണം. 14- ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രത്യേക ഭരണസമിതി യോഗങ്ങൾ ചേരും.
വ്യാപാരി സംഘടനകൾ, സമുദായസംഘടനകൾ, മത - സന്നദ്ധ സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ തുടങ്ങി മേഖലകളിലുള്ളവർ ജനകീയ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ശുചീകരണം മെയ് 18-നും 19-നും പൂർത്തീകരിക്കണം.