കണ്ണൂർ :- ജില്ലയിലെ എല്ലാ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും തിങ്കളാഴ്ചയും ടെസ്റ്റ് മുടങ്ങി. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂൾ സംയുക്തസമര സമിതി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ആളുകളെ ഡ്രൈവിങ് സ്കൂളുകാർ ടെസ്റ്റിന് എത്തിച്ചിരുന്നില്ല.
തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവടങ്ങളില്ലെല്ലാം ആളുകൾക്ക് സ്ലോട്ടുകൾ നൽകിയിരുന്നെങ്കിലും ആരും വരാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങി. പയ്യന്നൂരിൽ തിങ്കളാഴ്ച ടെസ്റ്റിന് സ്ലോട്ട് നൽകിയിരുന്നില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് നൽകാറുള്ളത്.