കണ്ണൂർ :- സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ ഒന്നാമതായി കണ്ണൂർ ജില്ല. 2023 മാർച്ച് 1 മുതൽ ഒരു വർഷക്കാലത്തെ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് ജില്ലയുടെ നേട്ടം. ക്ലീൻ കേരള കമ്പനി ഇക്കാലയളവിൽ 3,500 ടൺ പുനരുപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് മാലിന്യമാണ് ഹരിത കർമസേന വഴി ശേഖരിച്ചത്. പുനരുപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് സ്‌ഥാനം സംഭരണത്തിൽ 2-ാം എറണാകുളത്തിനും 3-ാം സ്ഥാനം തൃശൂരിനുമാണ്.
കഴിഞ്ഞ ഒരു വർഷത്തിൽ ജില്ലയിൽ നിന്ന് ആകെ 11,032 ടൺ ജൈവ- അജൈവ മാലിന്യങ്ങളും ശേഖരിച്ചു. പ്രതിമാസം 30 ലക്ഷത്തോളം രൂപ വരുന്ന അജൈവ പാഴ് വസ്തുക്കൾ ജില്ലയിൽ നിന്ന് ക്ലീൻ കേരള കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഷഡെഡ് പ്ലാസ്റ്റിക് (പൊടിച്ച പ്ലാസ്റ്റിക്) ഉൽപാദിപ്പിക്കുന്ന ജില്ല എന്ന നേട്ടവും കണ്ണൂരിനാണ്. വർഷത്തിൽ 200 ടൺ ഷഡെഡ് പ്ലാസ്‌റ്റിക് ക്ലീൻ കേരള കമ്പനിയുടെ 5 ഷഡെഡ് യൂണിറ്റുകളിൽ നിന്നും ഉൽപ്പാദിപ്പിച്ചു റോഡ് നിർമാണത്തിനായി കണ്ണൂരിൽ നിന്ന് കൈമാറുന്നുണ്ട്.