കൊട്ടിയൂർ :- ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ നിന്ന് ഭണ്ഡാരങ്ങൾ അക്കരെ കൊട്ടിയൂരിലെത്തിച്ചു. ഇനി ഭക്തജനങ്ങൾക്ക് ദർശനകാലം. സ്ത്രീകൾക്കും ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം. വാളശ്ശ കാരണവരും അടിയന്തിരയോഗക്കാരും മണാളനും ചേർന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങളും മറ്റ് പാത്രങ്ങളും പുറത്തെടുത്ത് കണക്കപ്പിള്ളയെ ഏൽപ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതികളെ ഏൽപ്പിച്ചു. കുടിപതി സ്ഥാനികരാണ് ഭണ്ഡാരങ്ങൾ എഴുന്നള്ളിച്ചത്. ബുധനാഴ്ച അർധരാത്രിയോടെയാണ് ഭണ്ഡാരങ്ങൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചെത്തിച്ചത്.
ഭണ്ഡാരവുമേന്തിയുള്ള കുടിപതികളുടെ യാത്രയ്ക്ക് രണ്ട് ഗജ വീരന്മാരും വാദ്യങ്ങളും അകമ്പടിയേകി. വാളശ്ശൻമാർ ചപ്പാരത്തെ ഭഗവതിയുടെ വാളുകളും ഭണ്ഡാരത്തോടൊപ്പം കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തുന്നതിന് മുൻപ് അഞ്ചിടത്ത് വാളാട്ടം നടത്തി. മുതിരേരിയിൽ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന വാൾ, ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങൾ എന്നിവയോടെ ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ചു. സ്വയംഭൂവിൽ ജലാഭിഷേകത്തോടെ നിത്യ പൂജകൾക്ക് തുടക്കമായി.