കണ്ണൂർ :- ഈ വർഷം ഏപ്രിൽ വരെ മാത്രം ജില്ലയിൽ 1,149 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ. വേനൽ കത്തിനിൽക്കുന്ന സമയത്താണിത്. ഇതൊരു മുന്നറിയിപ്പാണ്. മഴ എത്തിയാൽ ഡെങ്കിപ്പനി വൻ ഭീഷണിയായി മാറാം. ഇടവിട്ട് വേനൽ മഴ ലഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയെ പേടിക്കേണ്ട അവസ്ഥയിലാണ് കണ്ണൂർ. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെ ഏതാണ്ട് എല്ലാ ഭാഗത്തുനിന്നും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം പരത്തുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നീ കൊതുകുകളുടെ സാന്നിധ്യം എല്ലായിടത്തും ഉണ്ടെന്നതിനാൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വൈറസ് വ്യാപനം വേഗത്തിലാകും.
മഴക്കാലപൂർവ ശുചീകരണവും തുടർനടപടികളും ഫലപ്രദമായാൽ മാത്രമേ രക്ഷയുള്ളൂ. ഇടവിട്ടുള്ള മഴ, ഉയർന്ന താപനില എന്നിവ ഈഡിസ് കൊതുകുകളുടെ പ്രജനനത്തിനും നിലനിൽപ്പിനും കൂടുതൽ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കും. ചൂടുള്ള കാലാവസ്ഥ കൊതുകിനകത്തെ ഡെങ്കി വൈറസിൻ്റെ വിഭജനവും ഉമിനീർ ഗ്രന്ഥികളിലേക്ക് എത്തുന്നതും വേഗത്തിലാക്കും. വൈറസ് വേഗത്തിൽ മനുഷ്യരിലേക്ക് എത്താനുള്ള സാധ്യത ഇത് വർധിപ്പിക്കുന്നു.