വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് ; ഇനി തട്ടിപ്പുകൾ നടക്കില്ല, പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്


കണ്ണൂർ :- വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുന്നത് തടയാൻ പൊലൂഷൻ അണ്ടർ കൺട്രോൾ സെൻ്റർ (പി.യു.സി.സി) ആപ്പുമായി മോട്ടോർ വാഹനവകുപ്പ്. പുകപരിശോധിക്കുന്ന സ്ഥാപനത്തിന്റെയും വാഹനത്തിന്റെയും വീഡിയോയും ഉൾപ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നാളിതുവരെ ഫോട്ടോ മാത്രമാണ് ചേർത്തിരുന്നത്. അതുവഴി വ്യാജകാർഡ് ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി.

വാഹനത്തിൻ്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സൈറ്റിൽ ചേർത്തശേഷം രണ്ടുതവണ ചിത്രം എടുക്കും. അതിനു ശേഷം വീഡിയോയും അപ്ലോഡ് ചെയ്താൽ മാത്രമേ പുതിയ ആപ്ലിക്കേഷനിൽ പുക പരിശോധന തുടങ്ങുകയുള്ളൂവെന്നതാണ് പ്രത്യേകത. അംഗീകൃത പുക പരിശോധനാകേന്ദ്രം നടത്തിപ്പുകാർ പുതിയ ആപ്പിലേക്ക് മാറുന്നതിനുള്ള പരിശീലനം തുടങ്ങി. പുക പരിശോധനാകേന്ദ്രം നടത്തുന്നവർ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി. ടി.ആർ) നിന്നുള്ള രണ്ടാഴ്ചത്തെ കോഴ്‌സ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഐ.ടി.ഐ ജയിച്ച ആർക്കും കേന്ദ്രം തുടങ്ങാമായിരു ന്നെങ്കിലും ഇനിമുതൽ ഐ.ഡി.ടി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സർട്ടിഫിക്കറ്റ് ഉള്ളയാളുടെ സാന്നിധ്യത്തിലായിരിക്കണം പരിശോധനയെന്ന നിബന്ധനയും വരുന്നുണ്ട്.

Previous Post Next Post