സദ്യയ്ക്കുള്ള പച്ചക്കറികൾ കഴുകാതെ ഉപയോഗിച്ചാൽ നടപടി ; പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ


പാലക്കാട് :- കല്യാണമണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന സദ്യക്കും മറ്റും പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ. ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ..ബൈജുനാഥ് നിർദേശം നൽകിയത്. പാലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഭക്ഷണവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരേ ഡോ. സുരേഷ് കെ. ഗുപ്തൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മിഷണറിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു.

പാൽ, പഴം, പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കി. വൃത്തിയില്ലാത്ത പ്രവൃത്തികളോ പാചകമോ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകും. ആദ്യവട്ടം മുന്നറിയിപ്പും പിഴയും നിർദേശിക്കും. പിഴ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസുകൾക്ക് നിശ്ചയിക്കാം. ഇത്തരം പ്രവൃത്തികൾ തുടർന്നും കണ്ടെത്തിയാൽ സാംപിളുകൾ ശേഖരിച്ച് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കും. ആർ.ഡി.ഒ കോടതിവഴി നിയമ നടപടികൾ ലൈസൻസ് സസ്പെൻഷൻ, റദ്ദാക്കൽ തുടങ്ങിയവയും നേരിടേണ്ടിവരും.

ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസുകൾ വഴി മുഴുവൻ കാറ്ററിങ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉടമകൾക്കും പ്രത്യേക പരിശീലനവും സുരക്ഷാ നിർദേശങ്ങളും നൽകിവരുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ജി.രഘുനാഥക്കുറുപ്പ് പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ ഏതു സമയത്തും പൊതുജനങ്ങൾക്കോ സദ്യ ഏർപ്പാടു ചെയ്തവർക്കോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെടാം.

Previous Post Next Post