മയ്യിൽ :- മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിച്ചു കൊണ്ട് രാത്രികാല ചികിത്സ പുന:സ്ഥാപിക്കണമെന്ന് ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റി ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ദിവസേന നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന ആശുപത്രിയാണിത്. നിത്യവരുമാനക്കാരായ കൂലിത്തൊഴിലാളികളും അധ:സ്ഥിത വിഭാഗക്കാരുമായ സാധാരണ മനുഷ്യരാണ് ബഹുഭൂരിപക്ഷവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. കാലവർഷാരംഭം പകർച്ചപ്പനിയുൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളുടെയും കാലമാണ്. വളരെ ദൂരെ നിന്നു പോലുമുള്ള സാധാരണ ആളുകൾക്ക് ആശ്രയിക്കാവുന്ന ചികിത്സാ കേന്ദ്രമെന്ന നിലക്ക് അധികൃതരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നും എത്രയും വേഗം ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിച്ചു കൊണ്ട് രാത്രികാല ഒ.പി സൗകര്യവും ചികിത്സയും പുന:സ്ഥാപിക്കണമന്നും യോഗം ആവശ്യപ്പെട്ടു.
ജനപ്രതിനിധികളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അടിയന്തിരമായി പ്രസ്തുത വിഷയത്തിൽ ഇടപെടണമെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും യോഗം അഭ്യർത്ഥിച്ചു. കെ.വത്സരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടരി കെ.കെ ഭാസ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി വിനോദ് കുമാർ, ടി.കെ അശ്രഫ്, ടി.പ്രകാശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.