ലേണേഴ്‌സ് അപേക്ഷകൾ വേഗത്തിലാക്കും


തിരുവനന്തപുരം :- ലേണേഴ്‌സ് അപേക്ഷകളുടെ എണ്ണം ഉടൻ പരിശോധിച്ച് കെട്ടിക്കിടക്കുന്നവ തീർക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം. മന്ത്രി ഗണേഷ്‌കുമാറും ഡ്രൈവിങ് സ്കൂളുകളുടെ സംയുക്തസമരസമിതിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ടരലക്ഷം ലേണേഴ്‌സ് അപേക്ഷകളാണുള്ളത്. അതേസമയം, സമരം കാരണം ലേണേഴ്‌സ് ലൈസൻസ് കാലാവധി തീർന്നവർക്ക് ഇളവുണ്ടാകില്ല. പണമടച്ച് ലൈസൻസ് പുതുക്കേണ്ടിവരും. തുച്ഛമായ ഫീസടച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനിർദേശത്തിനനുസരിച്ച് ടെസ്റ്റിൻ്റെ രൂപരേഖ തയ്യാറാക്കി സമർപ്പിക്കാൻ ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി നിർദേശിച്ചു. 

കയറ്റത്തിൽ നിർത്തി വാഹനം മുന്നോട്ടെടുക്കുക, സമാന്തരപാർക്കിങ്, റിവേഴ്‌സ് പാർക്കിങ് എന്നിവയെല്ലാമുണ്ടാകണം. ഘട്ടംഘട്ടമായി ഡ്രൈവിങ് സ്കൂൾ ടെസ്റ്റ് സർക്കാർസ്ഥലത്തേക്കുമാറ്റും. ഡ്രൈവിങ് നല്ല രീതിയിൽ പഠിക്കാത്തവർ എത്തുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇരുവശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഒഴിവാക്കാനുള്ള തീരുമാനത്തിൽ പുനരാലോചന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ലോകത്തെവിടെയും ഇത്തരം വാഹനങ്ങൾ ടെസ്റ്റിനുപയോഗിക്കുന്നില്ലെന്നും വകുപ്പ് സ്വന്തമായി വാഹനം വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുമ്പോൾ ഇതവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post