കൊട്ടിയൂർ :- ഇന്ന് കൊട്ടിയൂരപ്പൻ്റെ തിരുനടയിൽ ഇളനീർ വയ്പും തിരുവോണം ആരാധനാ പൂജയും. ഇന്ന് രാത്രിയാണ് ഇളനീർ വയ്പ്. സന്ധ്യയ്ക്ക് പാലമൃത് അഭിഷേകവും തിരുവോണം ആരാധനയും നടത്തും. നാല് ആരാധനാ പൂജകളിൽ ആദ്യ പൂജയാണ് തിരുവോണം നാളിൽ നടത്തുക. ആരാധനാ പൂജ ദിനത്തിൽ പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ആരാധനാ പൂജയിൽ പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. പൂർണ രൂപത്തിൽ മത്തവിലാസം കൂത്തും അലങ്കാര വാദ്യങ്ങളും തിരുവോണം നാളായ ഇന്ന് ആരംഭിക്കും. ഇളനീർ വയ്പ് ഇന്ന് രാത്രി നടത്തും. വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്നലെ പുറപ്പെട്ടു. സംഘം ഇന്ന് കൊട്ടിയൂരിൽ എത്തും. രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിക്കുയും കുടിപതി കാരണവർ വെള്ളികാരം വയ്ക്കുകയും ചെയ്താൽ ഇളനീർ വയ്പ്പിന് രാശി വിളിക്കും. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെ യും അകമ്പടിയോടെ വീരഭദ്രവേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേനടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. മന്ദംചേരിയിലെ രാശി വിളിക്കായി കാത്തിരിക്കുന്ന ഇളനീർ വ്രത ക്കാർ ഇളനീർകാവുമായി ബാവലി പുഴയിലിറങ്ങി മുങ്ങി നിവർന്ന് സന്നിധാനത്തിലേക്ക് ഓടിയെത്തും. തട്ടും പോളയും പടച്ച സ്ഥാനത്തെ മൂന്ന് വലംവയ്ക്കും. ഇതിനു ശേഷമാണ് ഇളനീർ കാ വുകൾ സമർപ്പിക്കുന്നത്. വീരഭദനെ വണങ്ങി ഭണ്ഡാരം പെരുക്കി. തിരിച്ചു പോകും തണ്ടയാൻമാരാണ് അവകാശ പ്രകാരം ഇളനീർ വയ്ക്കുക. പ്രക്കുഴം നാളിൽ വ്രതം തുടങ്ങിയ വ്രതക്കാർ വിവിധ കഞ്ഞിപ്പുരകളിൽ താമസിച്ച് കഞ്ഞിപാർച്ചയും മുക്കിചെനയും നടത്തി വരികയാണ് ചെയ്യുന്നത്.
ഇന്നലെ ഇവർ കൊട്ടിയൂരിലേക്ക് എത്തി തുടങ്ങിയിരുന്നു. ഒരു കാവിൽ ഇരുഭാഗത്തുമായി ആറ് ഇളനീരുകളാണുണ്ടാകുക. എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും സമർപ്പിക്കും. ഇളനീർ വയ്പ് പൂർത്തിയായാൽ ഏറ്റവും ഒടുവിലായാണ് എണ്ണ സമർപ്പണം നടത്തുക. ഇളനീർ ചെത്തുന്നതിനുള്ള കത്തികൾ കത്തി തണ്ടയാൻമാർ സമർപ്പിക്കും. നാളെ രാത്രിയാണ് ദൈവം വരവും ഇളനീരാട്ടവും. നാളെ ഉച്ചയ്ക്ക് അഷ്ടമി ആരാധനയും നടത്തും.