തിരുവനന്തപുരം :- ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നിസ്സഹകരണം കാരണം ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെടുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്താൻ മന്ത്രി കെ.ബി ഗണേഷ്കുമാർ നിർദേശം നൽകി. ടെസ്റ്റിനു സന്നദ്ധരായി വരുന്ന അപേക്ഷകർക്ക് മുൻഗണന നൽകാനും തീരുമാനിച്ചു. സ്വകാര്യ വാഹനവും ഉപയോഗിക്കാം. ടെസ്റ്റിനുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമാണ് ഇപ്പോൾ അവസരം നൽകുന്നത്. മറ്റുള്ളവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെന്നുണ്ടെങ്കിലും സോഫ്റ്റ്വേറിൽ സമയം അനുവദിച്ച് കിട്ടാത്തതിനാൽ കഴിയുന്നില്ല. ഇതിനു പരിഹാരം കാണാൻ സോഫ്റ്റ്വെയറിൽ മാറ്റംവരുത്തും. സന്നദ്ധത അറിയിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. നേരത്തെ സമയം നൽകിയിട്ടുള്ളവർ എത്തിയിട്ടില്ലെങ്കിൽ ഇതിൽപ്പെട്ടവർക്ക് അവസരം നൽകും.
എതിർപ്പ് അവഗണിച്ച് പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ടെസ്റ്റിന് ഭൂമി ഇല്ലാത്ത സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി യുടെ സഹായം തേടും. കേന്ദ്ര മാനദണ്ഡപ്രകാരമാണ് പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളതെന്നും ഇനി ഇളവ് നൽകാനാകില്ലെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് സ്കൂളുകാരുടെയും ജീവനക്കാരുടെയും എതിർപ്പുകാരണം വ്യാഴാഴ്ചയും ടെസ്റ്റ് മുടങ്ങിയിരുന്നു. മേയ് രണ്ടു മുതൽ ഡ്രൈവിങ് ടെസ്റ്റ് നടന്നിട്ടില്ല.