കണ്ണൂർ :- മലബാറിലെ ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ധർണ്ണാസമരം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. SSLC വിജയികളായ വിദ്യാർത്ഥികൾക്ക് തുടർന്നു പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതെ ബാർ ഉടമകളുടെ താൽപര്യം സംരക്ഷിക്കുന്ന ഗവൺമെന്റായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. എസ്.എസ് എൽ.സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പഠിക്കാനുള്ള സൗകര്യം ലഭിക്കുന്നത് വരെ പ്രക്ഷോഭവുമായി മുസ്ലിംലീഗ് മുന്നോട്ടുപോകുമെന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെടി സഹദുള്ള ,മഹമൂദ് കടവത്തൂർ, അഡ്വ കെ.എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, മഹമൂദ് അള്ളംകുളം ,മുസ്തഫ ചെണ്ടയാട്, പി.കെ സുബൈർ, ബി.കെ അഹമ്മദ് ,കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരിം, നസീർ നല്ലൂർ, പി.സി നസീർ , നസീർ പുറത്തിൽ, കെ.പി റംഷാദ് , കെ.പി മൂസ ഹാജി, അലിക്കുഞ്ഞി പന്നിയൂർ, അഡ്വ. അഹമ്മദ് മാണിയൂർ എന്നിവർ പങ്കെടുത്തു.