മാലിന്യസംസ്കരണത്തിൽ മുന്നേറ്റം ; നിയമലംഘനങ്ങളിൽ ഉയർച്ചയും


തിരുവനന്തപുരം :- മാലിന്യസംസ്കരണത്തിൽ മുന്നേറ്റമുണ്ടെങ്കിലും നിയമലംഘനം കുറയുന്നില്ല. കഴിഞ്ഞവർഷത്തെക്കാൾ പരിശോധനകളും പിഴയും കൂടിയെങ്കിലും മാലിന്യം വലിച്ചെറിയുന്ന സ്വഭാവത്തിൽ ജനത്തിന് മാറ്റമില്ല. പദ്ധതിച്ചെലവ് കൂട്ടിയിട്ടും മാലിന്യം നിരത്തിൽ നിന്നൊഴിയുന്നുമില്ല. മഴക്കാലപൂർവ ശുചീകരണവും പൂർത്തിയായില്ല. 2023-ൽ, മാർച്ചുവരെ 2.9 ലക്ഷം രൂപയാണ് പിഴചുമത്തിയത്. 2024-ൽ ഇത് 4.05 കോടിയായി. ഇതിനകം 1.16 കോടി ഈടാക്കി. പരിശോധനകളുടെ എണ്ണം 1138-ൽ നിന്ന് 36,450 ആയി. 816 സ്ഥലത്തുമാത്രമാണ് തദ്ദേശസ്ഥാപനങ്ങൾ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. 

മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംസ്കരണ പദ്ധതികളുടെ എണ്ണം കൂട്ടി. 2023-ൽ 12,756 ഖരമാലിന്യസംസ്കരണ പദ്ധതികളുണ്ടായിരുന്നത് ഇപ്പോൾ 15,769 എണ്ണമായി. പദ്ധതിത്തുക 924.8 കോടിയിൽ നിന്ന് 1591.53 കോടിയായി. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയോടുള്ള സമീപനത്തിൽ മാറ്റമുണ്ട്. യൂസർഫീ നൽകുന്നവർ 34.90 ശതമാനത്തിൽനിന്ന് 68 ആയി. വാതിൽപ്പടി ശേഖരണം 87 ശതമാനമായി. മാസം 5000 രൂപയ്ക്കുമേൽ വരുമാനമുള്ള സേനാംഗങ്ങളുടെ എണ്ണം 18,109-ൽനിന്ന് 29,763 ആയും 10,000നുമുകളിൽ വരുമാനമുള്ളവർ 6758-ൽ നിന്ന് 15,058 ആയും ഉയർന്നു.

Previous Post Next Post