ട്രോളിങ് നിരോധനം:ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോയില്ലെങ്കില്‍ കര്‍ശന നടപടി

 


കണ്ണൂർ:-ഇതര  സംസ്ഥാന ബോട്ടുകള്‍  ജൂണ്‍ ഒമ്പതിന് മുമ്പായി ജില്ലയിലെ തീരം വിട്ടുപോയില്ലെങ്കില്‍ ബോട്ട് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. ജില്ലയിലെ ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി എ ഡി എം കെ നവീന്‍ ബാബുവിന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി 12 വരെ 52 ദിവസമാണ് . ജില്ലയിലെ ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ട ജില്ലയിലെ ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുടെ യോഗമാണ് എ ഡി എം ന്റെ അധ്യക്ഷതയില്‍  ചേര്‍ന്നത്.

ഇതര സംസ്ഥാന  ബോട്ടുകള്‍ ട്രോളിങ് നിരോധന സമയത്ത്  ജില്ലയില്‍ പ്രവേശിക്കുന്നത് തടയുന്നതിനാവശ്യമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ ഡി എം അറിയിച്ചു.

ജൂണ്‍ ഒമ്പത് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകളെല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കുമെന്ന് യോഗത്തില്‍ പൊലീസ് അധികാരികള്‍  അറിയിച്ചു. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ക്യൂ ആര്‍ എനേബ്ള്‍ഡ് ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും  കരുതണം. തട്ടുമടി ഉള്‍പ്പെടെയുള്ള പരമ്പരാഗത വള്ളങ്ങള്‍ ലൈറ്റ് ഫിഷിങും, ജുവനൈല്‍ ഫിഷിങും നടത്തുന്നത് കര്‍ശനമായി തടയും. അത്തരം അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ പിന്‍മാറണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി യോഗത്തില്‍ ആവിശ്യപ്പെട്ടു.

മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ ഔദ്യോഗികമായിട്ടുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കേണ്ടതാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നു എ ഡി എം പറഞ്ഞു.

കടല്‍ രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള ലൈഫ് ഗാര്‍ഡുമാര്‍ക്ക് പുറമെ നാല് പേരെ നിരോധന  കാലയളവിലേക്ക് തെരഞ്ഞെടുക്കുന്നതിന്  നടപടികള്‍ ആരം.ിച്ചിട്ടുണ്ട്. ഗോവയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 81 സ്‌കില്‍ഡ് മത്സ്യ തൊഴിലാളികളുടെ സേവനവും ലഭ്യമാണ്. അടിയന്തര സാഹചര്യം വന്നാല്‍ നേവിയുടെ ഹെലികോപ്റ്റര്‍ സേവനം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

Previous Post Next Post