കോർട്ട് ഫീ വർധന ; ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്


കണ്ണൂർ :- കോർട്ട് ഫീ കുത്തനെ ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി. സംസ്‌ഥാന ബജറ്റിൽ പ്രഖ്യാപിച്ച അന്യായമായ വർധന നീതിനിഷേധത്തിനു കാരണമാകുമെന്ന് ലോയേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിക്കു വേണ്ടി ഹർജി സമർപ്പിച്ച പ്രസിഡന്റ് അഡ്വ.കെ.വി മനോജ് കുമാർ പറഞ്ഞു. കുടുംബക്കോടതികളിലെ കോർട്ട് ഫീ വർധിപ്പിച്ചത് സാധാരണക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് കോടതികളെ സമീപിക്കാൻ പറ്റാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മജിസ്ട്രേട്ട് കോടതിയിൽ ചെക്ക് കേസുകൾ ഫയൽ ചെയ്യുന്നതിനും കോർട്ട് ഫീ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. കോടതിവിധി അനുകൂലമായാൽ പോലും നൽകിയ കോർട്ട് ഫീ തിരികെ ലഭിക്കുന്നതിന് യാതൊരു സംവിധാനവും പ്രഖ്യാപിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ. അഭിഭാഷക സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോയെങ്കിലും തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ലോയേഴ്സ് കോൺഗ്രസ് തീരുമാനിച്ചത്. അഡ്വ.പി.എസ് ബിനു മുഖേനയാണ് ഹർജി ഫയൽ ചെയ്‌തത്.

Previous Post Next Post