മാലിന്യം കൂട്ടിയിട്ടതിന് 25000 രൂപ പിഴ ചുമത്തിയ വാഹന സര്‍വ്വീസ് സെന്റർ മാലിന്യം തുറസ്സായ സ്ഥലത്ത് തള്ളിയതിന് വീണ്ടും പിഴ


കണ്ണൂർ :- ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥാപനത്തിന് സമീപം അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതിന് 25000 രൂപ പിഴ ചുമത്തിയ വാഹന സര്‍വീസ് സെന്റര്‍ അതേ മാലിന്യം സ്വകാര്യ ഭൂമിയില്‍ തള്ളിയതിന് മുഴപ്പിലങ്ങാട് പിടിയിലായി. സ്‌ക്വാഡ് കഴിഞ്ഞ ആഴ്ചയാണ് മാലിന്യം കൂട്ടിയിട്ടതിനും അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും റെനോ കാര്‍ കമ്പനിയുടെ കക്കാടുളള സര്‍വീസ് സെന്ററിന് പിഴ ചുമത്തി മാലിന്യം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. നീക്കം ചെയ്ത മാലിന്യം സംസ്‌കരിക്കുന്നതിന് വേണ്ടി സ്വകാര്യ ഏജന്‍സിക്ക് കൈമാറിയെങ്കിലും ഏജന്‍സി മുഴപ്പിലങ്ങാട് ഒരു സ്വകാര്യ ഭൂമിയില്‍ തള്ളുകയായിരുന്നു. തള്ളിയ മാലിന്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും പഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തു.

പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി തൃപ്ത സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സ്ഥാപനത്തിനെതിരെ 25000 രൂപ മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി മാലിന്യം അവരുടെ ചെലവില്‍ തിരിച്ചെടുപ്പിച്ചു. പല സ്ഥാപനങ്ങളും അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്ക് പണം കൊടുത്ത് നിയമവിരുദ്ധമായി മാലിന്യം കൈയ്യൊഴിയുകയാണ് ചെയ്യുന്നതെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ബള്‍ക്ക് വേസ്റ്റ് കാറ്റഗറിയില്‍പെടുന്ന സ്ഥാപനങ്ങളിലേക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന വ്യാപിപ്പിച്ചു. ഏജന്‍സികളുടെ പ്രവര്‍ത്തനം അന്വേഷിച്ച് നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങള്‍ അനേ്വഷിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലക്ഷ്യമിടുന്നത്.

Previous Post Next Post