മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ; ഗവ. മെഡിക്കൽ കോളേജിലെ മലിനജല ശുദ്ധീകരണ പ്ലാൻ്റിന് 35 ലക്ഷം കൂടി അനുവദിച്ചു


കണ്ണൂർ :- ഗവ. മെഡിക്കൽ കോളേജിലെ മലിനജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സർക്കാർ അനുവദിച്ച 75 ലക്ഷം രൂപയ്ക്ക് പുറമെ 35 ലക്ഷം കൂടി അനുവദിച്ചതായി ആസ്പത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 2004-ൽ സ്ഥാപിച്ച പ്ലാന്റ്റിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച പ്ലാൻ്റിനുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ശരിയായ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പ്ലാൻ്റിൻ്റെ പ്രവർത്തനം ഭാഗികമായിരുന്നു. തുടർന്ന് 2022 ജനുവരിയിൽ പ്ലാൻ്റ് നവീകരിക്കുന്ന തിന് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന് തുക കൈമാറിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അവർ പ്രവർത്തി ഏറ്റെടുത്തില്ല. തുടർന്ന് ഐ.ആർ.ടി.സി. എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. ഇതിനെ തുടർന്നാണ് 35 ലക്ഷം കൂടി അനുവദിച്ചത്

പ്ലാൻ്റിൻ്റെ പ്രവർത്തനം നിലച്ചതിനാൽ സമീപവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന പരാതിയിലാണ് കമ്മിഷൻ ഇടപ്പെട്ടത്. മനുഷ്യാവകാശ പ്രവർത്തകനായ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് കേസ് തീർപ്പാക്കി. നവീകരണ ജോലികൾ ആരംഭിക്കുന്ന ഇടവേളയിൽ പ്ലാൻ്റിൽനിന്നുള്ള ഓവർ ഫ്ലോ തടയാൻ നടപടിയെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ പാതയോരത്തുള്ള കളക്ഷൻ ടാങ്ക് മാറ്റിസ്ഥാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Previous Post Next Post