പാലക്കാട് :- കേടായ വാഹനം റോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോകുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം ശുപാർശ ചെയ്തു. ഇവർക്ക് പിഴയും ബോധവത്കരണ ക്ലാസിൽ ഒരു ദിവസത്തെ പങ്കാളിത്തവും നിർദേശിച്ചിട്ടുണ്ട്. ആലത്തൂരിനടുത്ത് അത്തിപ്പൊറ്റ സ്വദേശികളായ ഡ്രൈവർമാർക്കെതിരെയാണ് നടപടി. ആലത്തൂർ-തിരുവില്വാമല റൂട്ടീൽ അത്തിപ്പൊറ്റയ്ക്കുസമീപം കേടുവന്ന ഓട്ടോറിക്ഷ ചരക്കുവാഹനത്തിൽ കയർകെട്ടി കൊണ്ടുപോകുന്നത് കണ്ടവർ വകുപ്പധികൃതരെ പരാതി അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ആലുവയിൽ കെട്ടിവലിച്ച് കൊണ്ടു പോയ വാഹനത്തിൻ്റെ കയറിൽ കുടുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച പശ്ചാത്തലത്തിലായിരുന്നു പരാതിയുയർന്നത്. സംഭവത്തിൽ ഇടപെട്ട എൻഫോഴ്സസ്മെന്റ് ഉദ്യോഗസ്ഥർ ഡ്രൈവർമാരെ വിളിച്ചുവരുത്തി നടപടിയെടുക്കുകയായിരുന്നു. കേടുവന്ന വാഹനങ്ങൾ വർക്ഷോപ്പിലേക്ക് കൊണ്ടു പോകാൻ കെട്ടിവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്സ്മെൻ്റ് അധികൃതർ അറിയിച്ചു. ആയിരത്തിൽ താഴെ രൂപകൊണ്ട് കെട്ടിവലിച്ച് വർക് ഷോപ്പിലേക്ക് എത്തിക്കാമെന്നതാണ് ആളുകളെ ആകർഷിക്കുന്നത്. റോഡിൽ കേടുവന്ന വാഹനങ്ങൾ നിർബന്ധമായും റി ക്കവറി വാഹനത്തിൽത്തന്നെ കൊണ്ടുപോകണമെന്ന് എൻഫോഴ്സസ്മെന്റ് ആർ.ടി.ഒ.സി.എസ് സന്തോഷ്കുമാർ നിർദേശിച്ചു.