കണ്ണൂർ :- അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ ക്വാർട്ടേഴ്സിലെ അജൈവ മാലിന്യങ്ങൾ പ്രത്യേകം ഷെഡ് നിർമ്മിച്ച് പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ തുടർച്ചയായി കത്തിച്ചതിന് പാറാട് പോതിക്കണ്ടി ക്വാർട്ടേഴ്സ് ഉടമ അബ്ദുള്ള ഹാജിക്ക് അര ലക്ഷം രൂപ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി . ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യം അതിനടുത്തുള്ള വിജനമായ വയൽക്കരയിൽ കെട്ടിയുണ്ടാക്കിയ സംവിധാനത്തിൽ കത്തിക്കുന്ന രീതിയിലാണ് ജില്ലാഎൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്.
തൊട്ടടുത്ത് തോടിനോട് ചേർന്ന് വെള്ളം കെട്ടിക്കിടക്കുന്ന വയലിലും പ്ളാസ്റ്റിക് ബോട്ടിൽ ,ഭക്ഷണ പ്പൊതികൾ , പ്ളാസ്റ്റിക് കവറുകൾ എന്നിവ വലിച്ചെറിഞ്ഞതായി കാണപ്പെട്ടു. പ്ളാസ്റ്റിക് കത്തിച്ചതിനും ജലാശയം മലിനപ്പെടുത്തിയതിനും പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് അരലക്ഷം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം ലീഡർ ഇ.പി.സുധീഷ്, എൻഫാേഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരീകുൽ അൻസാർ, സെമിം ടി.കെ, ജിഷിന എസ്. എന്നിവർ പങ്കെടുത്തു.