കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓട്ടോ സർവീസ് വരുന്നു. ജൂലൈ ആദ്യവാരം സർവീസ് ആരംഭിക്കാനാണ് ആസൂത്രണം. ടൗൺ പെർമിറ്റുള്ള 100 ഓട്ടോറിക്ഷകൾ ആദ്യഘട്ടത്തിൽ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള സർവീസിനുണ്ടാകും. ഇവർക്ക് റെയിൽവേ തിരിച്ചറിയൽ കാർഡ് നൽകും. റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ഓട്ടോ പാർക്കിങ് കേന്ദ്രത്തിൽ ഈ ഓട്ടോറിക്ഷകൾക്കു മാത്രമേ പാർക്ക് ചെയ്തു യാത്രക്കാരെ കയറ്റാനാകൂ. ഓട്ടോറിക്ഷയിൽ റെയിൽവേയുടെ സ്റ്റിക്കർ പതിക്കും. യാത്രക്കാരിൽ നിന്ന് പരാതിയുണ്ടായാൽ പിന്നീട് ഡ്രൈവർമാർ റെയിൽവേയുടെ സേവനത്തിൽ നിന്ന് പുറത്താക്കപ്പെടും. കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന പൊലീസ് സാക്ഷ്യപത്രം ഉള്ളവർ മാത്രമേ പദ്ധതിയിലേക്കുള്ള ഡ്രൈവർമാരായി നിയോഗിക്കപ്പെടൂ. പദ്ധതി ആരംഭിച്ചാൽ പുറത്ത് നിന്നുള്ള ഓട്ടോറിക്ഷകൾക്ക് റെയിൽവേ സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തി യാത്രക്കാരെ ഇറക്കുകയല്ലാതെ കോംപൗണ്ടിൽ നിന്ന് പുതുതായി യാത്രക്കാരെ എടുക്കാനാകില്ല.
പദ്ധതിക്കുള്ള ഡ്രൈവർമാരിൽ നിന്ന് നിശ്ചിത തുക റെയിൽവേ ഈടാക്കും. 3 മാസം കൂടുമ്പോൾ 750 രൂപ ഈടാക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 3 തവണ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പങ്കെടുപ്പിച്ചുള്ള യോഗം ചേർന്നിരുന്നു. കഴിഞ്ഞ ആഴ്ച്ച റെയിൽവേ - പൊലീസ് - ആർടിഒയും അടക്കം പങ്കെടുത്തും യോഗം ചേർന്നിരുന്നു.രാത്രി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒട്ടേറെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നുണ്ട്. ആരാണ് ഡ്രൈവർമാർ എന്ന് അറിയാറുമില്ല. പലപ്പോഴും ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ ചാർജിന്റെ പേരിൽ തർക്കവും ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരം പദ്ധതി നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. നേരത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കോർപറേഷൻ പ്രീ പെയ്ഡ് ഓട്ടോ സർവീസ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി നിലച്ചു. യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന പ്രീ പെയ്ഡ് നിലച്ച സാഹചര്യം കൂടി പരിഗണിച്ചാണ് റെയിൽവേ ഓട്ടോ സർവീസ് പദ്ധതി ആരംഭിക്കുന്നത്.