കണ്ണൂർ :- മാലിന്യം തള്ളുന്നവരെ പിടികൂടാൻ നടപടികൾ കർശനമാക്കി കന്റോൺമെന്റ് ബോർഡ്. പുറത്തു നിന്നുള്ളവർ കന്റോൺമെന്റ് പ്രദേശത്ത് മാലിന്യം തള്ളുന്നത് പൊതുജനങ്ങൾക്കും കൻ്റോൺമെന്റ് അധികൃതർക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ വികസന കമ്മിഷണർ പ്രത്യേക യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകിയിരുന്നു. വിവിധ സ്‌ഥലങ്ങളിലായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പൊലീസിൻ്റെ സഹായത്തോടെ രാത്രികാല പട്രോളിങ് ആരംഭിച്ചു. മാലിന്യം തള്ളാൻ എത്തിയ ഇരുപതിലേറെപ്പേരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയതായി കന്റോൺമെന്റ് അധികൃതർ അറിയിച്ചു. ഇവരിൽ നിന്ന് ഇരുപതിനായിരം രൂപവരെ പിഴ ഈടാക്കി.
അഞ്ചുകണ്ടി റോഡ്, സ്നേഹാലയം റോഡ്, ഗവ. ആശുപത്രി പരിസരം, ആശുപത്രി ബസ് സ്റ്റാൻഡ്, സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരം തുടങ്ങി കന്റോൺമെന്റ് പരിധിയിലെ പ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നുണ്ട്. നിലവിലുള്ള മാലിന്യം നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കന്റോൺമെന്റ്റ് പ്രദേശം മാലിന്യ മുക്തമാക്കാൻ വിട്ടു വീഴ്ചയില്ലാത്ത നട പടികൾ സ്വീകരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാധവി ഭാർഗവ പറഞ്ഞു. മാലിന്യം നീക്കുന്നതിനായി ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് കന്റോൺമെന്റിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു മുന്നിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്.