വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പോലീസ്


കണ്ണൂർ :- വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്നു പോലീസ്. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സർക്കാരിന്റെ പേരിൽ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പുകളും സൗജന്യ ലാപ്ടോപ്പുകളും വിദ്യാഭ്യാസ വായ്‌പയും വാഗ്ദാനം ചെയ്ത‌താണു തട്ടിപ്പ്. എസ്എസ്എൽസി പരീക്ഷയിൽ 75 ശതമാനത്തിനും, പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിനും മുകളിൽ മാർക്ക് ലഭിച്ചവർക്ക് യഥാക്രമം 10,000 രൂപയും 25,000 രൂപയും സ്കോളർഷിപ് ലഭിക്കുമെന്ന തരത്തിലുള്ള പോസ്‌റ്റുകൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പേരിൽ 10 വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുന്നതായുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിലുണ്ട്. തെറ്റിദ്ധരിപ്പിക്കാനായി സർക്കാരിന്റെ ലോഗോയും മറ്റും ഉപയോഗിച്ചാണു തട്ടിപ്പെന്നു പൊലീസ് പറയുന്നു.

പോസ്‌റ്റിനൊപ്പമുള്ള ലിങ്കിൽ  ക്ലിക്ക് ചെയ്‌ത്‌ അപേക്ഷ നൽകാമെന്നു പറഞ്ഞാണ് പോസ്‌റ്റുകൾ പ്രചരിക്കുന്നത്. ലിങ്കിൽ കയറുമ്പോൾ പേരും വിലാസവും ഫോട്ടോയും ബാങ്ക് വിവരങ്ങളും മറ്റും ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയാക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് അറിയിപ്പ്. തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ പൊലീസ് സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930 ൽ വിളിച്ച് പരാതി റജിസ്‌റ്റർ ചെയ്യണം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രദ്ധിക്കുക.

Previous Post Next Post