വായനയുടെ പുതുമ തേടി തായംപൊയിൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ; വായനാ മാസാചരണത്തിന് തുടക്കമായി


മയ്യിൽ :- വായനയുടെ പുതുമ തേടി തായംപൊയിൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെയുള്ള വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ.കെ.രമേശൻ കടൂർ നിർവഹിച്ചു. "വെയിലും മഴയും വെയിലും മഴയും കുഞ്ഞിക്കുറുക്കൻ്റെ കല്യാണം" എന്ന കുഞ്ഞു പാട്ടിൻ്റെ ചിറകിലേറി വായനയുടെ ലോകത്തേക്ക് രമേശൻ മാഷോടൊപ്പം തായംപൊയിൽ എ.എൽ.പി സ്കൂളിലെ കുട്ടികൾ.  ചിത്രങ്ങളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ വിവിധ തലങ്ങളിലൂടെ കുഞ്ഞുങ്ങളുമായുള്ള യാത്രയായിരുന്നു വായനാത്തിളക്കത്തിൻ്റെ ഉദ്ഘാടന ചടങ്ങ്. 

അധ്യയന വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വായന ചലഞ്ചൊരുക്കിയാണ് സ്കൂൾ വായനാദിനത്തെ വരവേറ്റത്. വായനാദിന അസംബ്ലി ചേർന്നും പുസ്തക കണിയൊരുക്കിയും കുഞ്ഞുങ്ങൾക്ക് വായനയുടെ സന്ദേശം കൈമാറി. വായനാ മാസാചരണത്തിൻ്റെ ഭാഗമായി അമ്മവായന, മുത്തശ്ശിക്കഥ, പുസ്തക പരിചയം, വായനശാല സന്ദർശനം, ചിത്രവായന, കാവ്യോത്സവം തുടങ്ങി വിവിധ പരിപാടികളാണ് സ്കൂളിലൊരുക്കിയിട്ടുള്ളത്. ഹെഡ് ടീച്ചർ കെ.വി ഗീത ടീച്ചർ സ്കൂളിന് കൈമാറിയ പ്രസംഗപീഠം ചടങ്ങിൽ ഏറ്റുവാങ്ങി. കെ.വി ഗീത , എം.വി സുമേഷ്, എം.വി പ്രശാന്തി, കെ.പി അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.




Previous Post Next Post