കണ്ണൂർ :- പയ്യാമ്പലം ബീച്ചിൽ നിർമിച്ച പുലിമുട്ടിലേക്ക് ആളുകൾ ഉല്ലസിക്കാൻ എത്തുന്നത് അപകടക്കെണിയാവുന്നു. കാലവർഷം കനത്തതോടെ തിരമാല ഇരച്ചു കയറുന്നതും കരിങ്കല്ലുകളിലെ വഴുവഴുപ്പുമാണ് അപകടാവസ്ഥയ്ക്ക് ഇടയാക്കുന്നത്. ബീച്ചിലെത്തുന്നവർ പുലിമുട്ടിലേക്ക് നടന്നു കയറുന്നത് പതിവായിരിക്കുകയാണ്. ഇവിടേക്ക് കയറുന്നതിന് തടസ്സങ്ങൾ സ്ഥാപിക്കുകയോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയോ ചെയ്യാത്തതാണ് അപകടാവസ്‌ഥ അറിയാതെ ആളുകൾ യഥേഷ്ടം കയറാൻ ഇടയാക്കുന്നത്. കാലവർഷം ശക്തമായതോടെ തീരത്തിൻ്റെ വലിയൊരു ഭാഗം കടലെടുത്ത നിലയിലാണ്. ഇതുകാരണം തീരത്തെത്തുന്ന സഞ്ചാരികൾ പുലിമുട്ടിലേക്കാണ് കടൽക്കാഴ്ച കാണാൻ പോകുന്നത്. പുലിമുട്ടിൽ തിരയടിക്കുന്നതു കാണാൻ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഇവിടെ എത്താറുണ്ടെന്ന് ലൈഫ് ഗാർഡ് പറഞ്ഞു.
പുലിമുട്ടിൽ നിന്നുള്ള ജാഗ്രതാ നിർദേശം നൽകാറുണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ്. പായൽ ഉള്ളതിനാൽ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. കാലവർഷം ശക്‌തി പ്രാപിച്ചതോടെ കൂറ്റൻ തിരമാലകളാണ് ഉണ്ടാവുന്നത്. കനത്ത മഴയും ശക്തമായ തിരമാലയും അവഗണിച്ച് ഇന്നലെ കൂടുതൽ സഞ്ചാരികൾ പുലിമുട്ടിലേക്ക് കയറാൻ തുടങ്ങിയതോടെ അഴീക്കൽ കോസ്‌റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. തോടിന് സമാന്തരമായി 90 മീറ്ററും തുടർന്ന് കടലിലേക്ക് 160 മീറ്ററുമായി ആകെ 250 മീറ്റർ നീളത്തിൽ കരിങ്കല്ല് ഉപയോഗിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്.