തിരുവനന്തപുരം :- കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്‌മുറികളിൽ പത്രവായന പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പത്രവായനയ്ക്ക് പ്രത്യേകസമയം നിശ്ചയിക്കും. വായനാപോഷണ പരിപാടിക്കായി സർക്കാർ തയ്യാറാക്കിയ കരടുരേഖയിലാണ് നിർദേശം. വിശദ മാർഗരേഖ എസ്.സി.ഇ.ആർ.ടി. ഉടൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും.
എല്ലാ ക്ലാസ്‌മുറിയിലും പത്രങ്ങൾ ലഭ്യമാക്കുകയും പത്രപാരായണം നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാക്കുകയും ചെയ്യും. ആനുകാലികമായ വായനയെ പ്രോത്സാഹിപ്പിക്കുന്ന അപഗ്രഥനാത്മകവും വിശകലനരൂപത്തിലുമുള്ള ചോദ്യങ്ങൾ പൊതുപരീക്ഷയിൽ ഉൾപ്പെടുത്തും. പത്രവായനയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.