റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി ഒമ്പതുവയസുകാരൻ മരണപ്പെട്ടു ; മരണവിവരമറിഞ്ഞ് വല്യുമ്മയും മരിച്ചു


മലപ്പുറം :- മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ വല്യുമ്മ ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

Previous Post Next Post