സ്‌കൂളുകളിലെ 220 പ്രവൃത്തിദിനങ്ങൾ ; ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളെ ഒഴിവാക്കി


തിരുവനന്തപുരം :- ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ സ്കൂൾ പ്രവൃത്തിദിനങ്ങൾ 200 ആക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽച്ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ പ്രവൃത്തിദിനങ്ങൾ 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ ചുമതലപ്പെടുത്തി. ഒമ്പതിലും പത്തിലും കോടതി ഉത്തരവനുസരിച്ച് തീരുമാനമെടുക്കും. അധ്യയനദിനങ്ങൾ 220 ആക്കി കൂട്ടിയതിൽ അധ്യാപക സംഘടനകൾ കടുത്ത എതിർപ്പുയർത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ യോഗം.

വിദ്യാഭ്യാസവകാശനിയമം ചൂണ്ടിക്കാട്ടി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളെ അധിക ശനിയാഴ്ച കളിൽനിന്ന് ഒഴിവാക്കണമെന്ന് ഭരണ-പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. ദിവസം അധിക അധ്യയനസമയം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ എ.കെ.എസ്.ടി.യു നിർദേശം മുന്നോട്ടുവെച്ചു. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇളവു നൽകാനാവുന്ന 20 ദിനങ്ങൾ കുറച്ച് ഒന്നുമുതൽ പത്തുവരെയുള്ള 200 പ്രവൃത്തിദിനങ്ങൾ തുടരണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസവകാശ നിയമത്തിലേതുപോലെ 1000 അധ്യയനമണിക്കൂർ ഉറപ്പാക്കി 200 അധ്യയന ദിവസങ്ങളാക്കണമെന്നും 9, 10 ക്ലാസുകൾക്ക് 200 അധ്യയനദിവസങ്ങളിൽ 1200 മണിക്കൂറായി ക്രമീകരിക്കണമെന്നാണ് എൻ.ടി.യു ഉന്നയിച്ച വാദം. കലണ്ടർ ഭാഗികമായി പുനഃക്രമീകരിച്ചത് കെ.എസ്.ടി.എ സ്വാഗതം ചെയ്തു. ഹൈക്കോടതിയുടെ നിർദേശങ്ങൾ വരുന്നമുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി മറുപടി നൽകി.കെ.എസ്.ടി.സി, കെ.പി.ടി.എ, കെ.എസ്.ടി.എഫ്, കെ.എ.എം.എ സംഘടനാനേതാക്കളും യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post