ദില്ലി :- കുവൈത്തിലെ തീപിടിത്തത്തില്‍ ഉള്‍പ്പെട്ട മലയാളികളുടെ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈൻ ആരംഭിച്ചു. 18004253939 എന്ന നമ്പറിലാണ് നോര്‍ക്ക ഹെല്‍പ് ലൈൻ പ്രവര്‍ത്തിക്കുക. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. അപകടത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദുഖവും നടുക്കവും രേഖപ്പെടുത്തി.
തൊഴിലാളികളുടെ ജീവിത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. മറ്റ് രാജ്യങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
വിദേശകാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കുവൈത്തിലുള്ള ബംഗാള്‍ സ്വദേശികളുടെ വിവരങ്ങള്‍ തേടാൻ ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിക്കും ദില്ലി റെസിഡന്‍റ് കമ്മീഷണർക്കുമാണ് നിർദേശം നല്‍കിയത്.ദുരന്തത്തില്‍ മമത ബാനർജി അനുശോചനം അറിയിച്ചു.
ദുരന്തത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഇതിനിടെ, കുവൈത്തിലെ തീപിടിത്തത്തിൽ ദുരിത ബാധിതർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ടു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാച്ചിലവുകൾ വഹിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ നൽകാൻ കുവൈത്തിലെ എംബസിയോട് നിർദേശിക്കണമെന്നും വേണുഗോപാൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനയച്ച കത്തിൽ ആവശ്യപ്പെട്ടു.
അപകടത്തിൽപെട്ടു മരണമടഞ്ഞവരുടെ കുടുംബങ്ങൾക് അടിയന്തിരസഹായമെത്തിക്കാൻ ഇടപെടണമെന്നും കെ.സി വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു. കുവൈത്ത് അധികൃതരുമായി സഹകരിച്ച് സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്നും ഇരകൾക്ക് നീതി ലഭിക്കാനും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അന്വേഷണം അനിവാര്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പത്തോളം ഇന്ത്യക്കാരുൾപ്പെടെ 43 പേരുടെ മരണത്തിനിടയായ സംഭവം അതിദാരുണമാണെന്നും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു .