മുംബൈ :- കൊങ്കൺ പാതയിലെ പെർണം തുരങ്കത്തിൽ ചെളി നിറഞ്ഞതിനെത്തുടർന്ന് നിർത്തിവെച്ച തീവണ്ടിഗതാഗതം വ്യാഴാഴ്ച പുനഃസ്ഥാപിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെത്തന്നെ ചെളി പൂർണമായും നീക്കി പാത ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാൽ ഇതുവഴി ഓടേണ്ട വണ്ടികളെല്ലാം നേരത്തേതന്നെ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതിനാൽ ബുധനാഴ്ച വണ്ടികളൊന്നും ഓടിയില്ല.
മഡ്ഗാവിൽനിന്ന് സാവന്ത്വാഡിയിലേക്കുള്ള പാസഞ്ചറാണ് വ്യാഴാഴ്ച രാവിലെ എട്ടോടെ ഇതിലൂടെ ആദ്യം കടന്നുപോയത്. തു ടർന്ന് മറ്റുവണ്ടികളും ഓടി. തിരുവനന്തപുരത്തുനിന്നും നിസാമുദ്ദീനിലേക്കുള്ള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22633) നേരത്തേ വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊങ്കൺ പാതവഴിയാണ് ഓടിയത്. 2020- ൽ പെർണം തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 40 ദിവസത്തോളം കൊങ്കൺ പാതയിലെ ഗതാഗതം മുടങ്ങിയിരുന്നു. പ്രദേശത്തെ ഇളകിയ മണ്ണാണ് പ്രധാന പ്രശ്നം. കൊങ്കൺ പാത തുറക്കുന്നത് വൈകാനുണ്ടായ ഒരു കാരണവും പെർണം തുരങ്കത്തിലെ പ്രശ്നമായിരുന്നു.