മയ്യിൽ :- മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള മയ്യിൽ പഞ്ചായത്തിലെ അരിമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അടിച്ചു തെളി ജോലി നിയമനം റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് മഹിളാ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. 'ക്ഷേത്രം അടിച്ചു തെളി ജോലി നിയമനത്തിനായി അധികൃതർ അപേക്ഷ ക്ഷണിച്ച് അപേക്ഷകരെ ഇൻ്റർവ്യൂവിന് വിളിച്ചു വരുത്തി കൂടുതൽ മാർക്ക് ലഭിച്ച മുല്ലക്കൊടിയിലെ പി.ലതയ്ക്ക് നിയമന ഉത്തരവ് ലഭിക്കുകയും ഉപാധികളോടെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുള്ളതുമാണ്. എന്നാൽ ക്ഷേത്ര നവീകരണ കമ്മിറ്റിക്ക് ഇഷ്ടപ്പെട്ട ഒരു അപേക്ഷകയ്ക്ക് പ്രസ്തുത ജോലി ലഭിക്കാത്തതുകൊണ്ട് ഈ നിയമനം അംഗീകൃതമല്ലെന്ന് പറഞ്ഞ് നിയമനം ലഭിച്ച ലതയെ ഹാജർ പട്ടികയിൽ ഒപ്പ് വെക്കാൻ അനുവദിക്കാതെ മാനസികമായി തളർത്തി ദിവസങ്ങൾ കഴിഞ്ഞ് ഭരണ സ്വാധീനം ഉപയോഗിച്ച് പ്രസ്തുത നിയമനം റദ്ദാക്കിപ്പിക്കുകയും ചെയ്ത നടപടി തനി കാടത്തമാണെന്നും സ്തീകളോട് ചെയ്യുന്ന അനീതിയും ക്രൂരതയു'മാണെന്ന് മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ നിഷ പ്രസ്താവിച്ചു.
ലതയ്ക്ക്നേരെ നടക്കുന്ന നീതി നിഷേധം അറിഞ്ഞ് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ നിഷ , ജില്ലാ സിക്രട്ടറി കെ.സി. രമണി ടീച്ചർ, മണ്ഡലം പ്രസിഡൻ്റ് കെ.ലീലാവതി എന്നിവർ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ഈ കാര്യത്തിൽ അന്വേഷണം നടത്തി തക്കതായ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ടു കൊണ്ട് വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ കലക്ടർ എന്നിവർക്ക് മഹിളാ കോൺഗ്രസ് പരാതി സമർപ്പിക്കുകയും ചെയ്തു.