കണ്ണൂർ :- വാഴപ്പഴത്തിന് വില കൂടുന്നു. പൂവൻ പഴമാണ് വിലക്കാര്യത്തിൽ മുന്നിൽ. പൂവൻ പഴം. 85 രൂപയാണ് കണ്ണൂർ മാർക്കറ്റിൽ കിലോയ്ക്ക് വില. റോബസ്‌റ്റ ചിലയിടത്ത് ഹാഫ് സെഞ്ചറി തികച്ചു. ഇന്നലെ കണ്ണൂരിൽ ചിലയിടത്ത് വിൽപന നടത്തിയത് കിലോയ്ക്ക് 50 രൂപയ്ക്ക്. ഞാലിപ്പൂവന് 70 രൂപയും നേന്ത്രപഴത്തിന് 60 രൂപയുമായി. കദളിക്കും 50 രൂപയായി. വിപണിയിൽ വില കൂടിയതോടെ പഴത്തിന് ആവശ്യക്കാർ കുറഞ്ഞു.
ജില്ലയിലേക്ക് ഏറ്റവും കൂടുതൽ പഴം എത്തുന്നത് കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ നിന്നാണ്. ഇതരസംസ്‌ഥാനത്ത് വിളവ് കുറഞ്ഞതിനൊപ്പം കനത്ത മഴയെത്തുടർന്ന് വാഴക്കൃഷിക്കുണ്ടായ നാശവും കൂടിയായതോടെ പഴ ലഭ്യതയിൽ ഇടിവുണ്ടായി. ഇതിന് പുറമേ നാടൻ പഴങ്ങളുടെ ദൗർലഭ്യവും വില കൂടാൻ ഇടയാക്കി. ജില്ലയിൽ പഴവുമായെത്തുന്ന ലോഡ് വൻതോതിൽ കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.