കൊളച്ചേരി: -കെ.എസ് ആൻ്റ് എ.സി പ്രസിഡൻ്റായിരുന്ന കെ.വി രവീന്ദ്രൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കൊളച്ചേരി ഗ്രാമ പ്രതിഭാ പുരസ്കാരത്തിനായി കൊളച്ചേരിപ്പറമ്പിലെ പി.സുരേന്ദ്രൻ മാസ്റ്റരെ തെരഞ്ഞെടുത്തു. കായിക മേഖലയിലെ സംഭാവനകൾക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്.
ഫുട്ബാൾ കളിക്കാരൻ,നിരവധി ദേശീയ മത്സരങ്ങൾ നിയന്ത്രിച്ച നാഷനൽ ഫുട്ബാൾ റഫറി , ഫുട്ബാളിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോച്ച് എന്നീ നിലകളിലെല്ലാമുള്ള മാഷിൻ്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
പത്തിലധികം നാമനിർദ്ദേശങ്ങളിൽ നിന്നുമാണ് അവാർഡ് നിർണയിച്ചത്. ജൂറി ചെയർമാൻ കെ എം.നാരായണൻ മാസ്റ്റർ അധ്യക്ഷനായി. ഇ .ഷഫീഖ് (പി.ഇ. ടി), വി.വി. ശ്രീനിവാസൻ, രമേശൻ നണിയൂർ, വിജേഷ് നണിയൂർ,രജിത്ത്. എ.വി തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 24 ന് കരിങ്കൽക്കുഴിയിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പുരസ്കാരം നൽകും.