ശ്രീകണ്ഠാപുരം :- ശ്രീകണ്ഠാപുരം പരിപ്പായിയിൽ നിധിശേഖരം കണ്ടെത്തിയ പി.പി താജുദ്ദീൻ്റെ റബ്ബർത്തോട്ടത്തിൽ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസർ കെ.കൃഷ്ണരാജ് എന്നിവരാണ് പരിശോധന നടത്തിയത്. ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി മോഹനൻ, സെക്രട്ടറി കെ.എം രമേശൻ, വില്ലേജ് ഓഫീസർ മനോജൻ ചൂളിയാട്, ശ്രീകണ്ഠപുരം എസ്.ഐ എം.വി ഷീജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ സ്ഥലം സന്ദർശിക്കുകമാത്രമാണ് ചെയ്തതെന്ന് ഇ. ദിനേശൻ പറഞ്ഞു.
ഇവിടെനിന്ന് കണ്ടെത്തിയ നിധിശേഖരം ബുധനാഴ്ച പരിശോധന നടത്തിയ ശേഷമേ സ്ഥലത്ത് മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് കൂടുതൽ പരിശോധന ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുകയുള്ളൂ. കണ്ടെടുത്തവ തളിപ്പറമ്പ് ആർ.ഡി.ഒ.യുടെ കസ്റ്റഡിയിലാണുള്ളത്. സാധനങ്ങളുടെ ഫോട്ടോ കണ്ടപ്പോൾ 200 വർഷത്തിൽ താഴെ പഴക്കമുള്ളവയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
19 മുത്തുമണി, 14 സ്വർണ ലോക്കറ്റുകൾ, കാശുമാലയു ടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് സ്ഥലത്തുനിന്നും കണ്ടുകിട്ടിയത്.