കോഴിക്കോട് :- കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ ആശുപത്രി വിട്ടു. 14കാരൻ രോഗ വിമുക്തി നേടിയത് രോഗം നേരത്തെ തിരിച്ചറിഞ്ഞതിനാലാണെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ റൗഫ് പറഞ്ഞു. രോഗ ലക്ഷണം കാണിച്ചു തുടങ്ങിയാല്‍ ഉടന്‍ ചികിത്സ തേടുകയാണ് വേണ്ടത്.കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള കാര്യങ്ങളാകാം രോഗ ബാധ വര്‍ധിക്കാന്‍ കാരണം.
രാജ്യത്ത് തന്നെ ഇതാദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ജീവിതത്തിലേക്ക് ഒരാള്‍ തിരിച്ചുവരുന്നതെന്നും അബ്ദുള്‍ റൗഫ് പറഞ്ഞു. ജര്‍മനിയില്‍ നിന്നുമെത്തിച്ച മരുന്നും കുട്ടിക്ക് നല്‍കിയിരുന്നുവെന്നും അബ്ദുള്‍ റൗഫ് പറഞ്ഞു. രോഗം വരാതിരിക്കാൻ ജാഗ്രത വേണം. കെട്ടികിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. സ്വിമ്മിങ്പൂളുകളില്‍ ഉള്‍പ്പെടെ ഇറങ്ങുമ്പോള്‍ ക്ലോരിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. രോഗ ലക്ഷണം ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും അബ്ദുള്‍ റൗഫ് പറഞ്ഞു.