കണ്ണൂർ :- സംസ്ഥാനത്ത് പാമ്പുപിടിത്തത്തിൻ്റെ പേരിലും പകൽക്കൊള്ള. മൂർഖനെ പിടിക്കണമെങ്കിൽ 1000 മുതൽ 2000 രൂപ വരെയാണ് ജനങ്ങളിൽനിന്ന് വാങ്ങുന്നത്. പെരുമ്പാമ്പിനെയാണ് പിടിക്കേണ്ടതെങ്കിലും 1000 കൊടുക്കണം. അണലിക്ക് നിരക്ക് കൂടും, 1500 രൂപ. മറ്റുള്ള പാമ്പുകൾക്ക് 500 മുതലാണ് പണം വാങ്ങുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വനം വകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാർ നിലവിലുണ്ട്. ഇവരുടെ സേവനം പൂർണമായും സൗജന്യമാണ്. എന്നാൽ ഇവരിൽ ചിലർ തന്നെയാണ് വീട്ടിനകത്ത് പാമ്പ് കയറുന്ന സാഹചര്യങ്ങൾ ചൂഷണം ചെയ്യുന്നത്. കൊല്ലം, കോട്ടയം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽനിന്ന് ഇതുസംബന്ധിച്ച് പരാതികൾ ധാരാളം ലഭിച്ചെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നു. 'കേരളത്തിലെ പാമ്പുകൾ' എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലും ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് പൊതുജനം പങ്കുവെച്ചിട്ടുള്ളത്.
പരാതികൾ ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് പാമ്പിനെ പിടിക്കുന്നതിന് പൈസ വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് ചൂണ്ടിക്കാട്ടി ജൂണിൽ വിജ്ഞാപനം ഇറക്കിയിരുന്നു. മാനദണ്ഡങ്ങൾ പാ ലിക്കാത്ത വ്യക്തികളുടെ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിരുന്നു. എന്നിട്ടും പാമ്പുകളുടെ പേരിലെ കൊള്ള അവസാനിച്ചിട്ടില്ല. വനംവകുപ്പിൻ്റെ ലൈസൻസുള്ള ചില താത്കാലിക വാച്ചർമാർ ഉൾപ്പെടെ ഇതിന് കൂട്ടുനിൽക്കുന്നതായും ആരോപണമുണ്ട്. അതേസമയം, വീട്ടുകാർ സ്നേഹത്തോടെ നൽകുന്നത് സ്വീകരിക്കുന്നതിന് കുഴപ്പമില്ലെന്നും ചോദിച്ച് വാങ്ങുന്നതിൽ മാത്രമേ പ്രശ്നമുള്ളൂവെന്നുമാണ് ചിലരുടെ വാദം.
ചെലവേറുമെന്നതിനാൽ പലരും അംഗീകൃത പാമ്പുപിടിത്തക്കാരെ അറിയിക്കാതെ വീട്ടുകാർതന്നെ പാമ്പിനെ തല്ലിക്കൊല്ലുന്ന അവസ്ഥയുമുണ്ട്. വന്യജീവി സംരക്ഷണനിയമം 1972 പ്രകാ രം കേരളത്തിൽ കാണുന്ന എല്ലാ പാമ്പുകളും സംരക്ഷിതപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്. ഇവയെ കൊല്ലുന്നത് ശിക്ഷാർഹവുമാണ്. പരിശീലനം നേടാത്തവർ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് അപകടകരവുമാണ്.