റെയിൽവേ സ്റ്റേഷനുകളിൽ ഇനി ക്യു.ആർ കോഡ് വഴി ടിക്കറ്റ് എടുക്കാം


കണ്ണൂർ :- സംസ്ഥാനത്തെ 153 റെയിൽവേ സ്റ്റേഷനുകളിൽ ഇനി ക്യു.ആർ കോഡ് വഴി ടിക്കറ്റ് എടുക്കാം. പാലക്കാട് ഡിവിഷനിൽ 85-ഉം തിരുവനന്തപുരം ഡിവിഷനിൽ 68-ഉം സ്റ്റേഷനുകളിലാണ് (138 എണ്ണം) സൗകര്യം ഏർപ്പെടുത്തിയത്. വേഗത്തിൽ ടിക്കറ്റ് എടുക്കാം എന്നതിന് പുറമെ ചില്ലറ പ്രശ്‌നങ്ങളും തർക്കങ്ങളും ഒഴിവാകും. ടിക്കറ്റ് ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കുന്നതിൻ്റെ ഭാഗമാണിത്. 

റിസർവേഷൻ, സാധാരണ ടിക്കറ്റ് എന്നിവ എടുക്കുമ്പോൾ തുക എത്രയെന്ന് കൗണ്ടറിൽ നിന്ന് പറയും. ഈ തുക ക്യു.ആർ കോഡ് വഴി ക്രിസ് (സെൻ്റർ ഫോർ റെയിൽവേ ഇൻ ഫർമേഷൻ സിസ്റ്റം) വഴി സ്‌കാനിങ്ങിലേക്ക് വരും. യു.പി.ഐ ഇടപാട് പൂർത്തിയായാൽ തുക റെയിൽവേ അക്കൗണ്ടിലേക്ക് എത്തിയെന്ന മൊബൈലിലെ മെസേജ് വരും. ഇത് കൗണ്ടറിലെ ജീവനക്കാരെ കാണിക്കണം. അതിന് ശേഷമാണ് ടിക്കറ്റ് പ്രിന്റ് ചെയ്യുക. 

കൗണ്ടറിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി ടിക്കറ്റ് എടുക്കാൻ റെയിൽവേ നേരത്തെ നീക്കം നടത്തിയിരുന്നു. യു.പി.ഐ ഐ.ഡി വെച്ചുള്ള ടിക്കറ്റ് നിരക്ക് കൈമാറലിന് പലപ്പോഴും സാങ്കേതികതടസ്സം പ്രശ്നമായിരുന്നു. യാത്രക്കാരൻ്റെ പണം പലപ്പോഴും ട്രാൻസ്ഫർ ആകാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഫലത്തിൽ ഒന്നര-രണ്ട് മിനിറ്റ് എടുക്കുന്നത് അഞ്ച് മിനിറ്റിലധികം സമയം ടിക്കറ്റിന് എടുക്കും. ഇപ്പോഴുള്ള യു.പി.ഐ സ്കാനിങ് സംവിധാനം ഇതിന് പരിഹാരമാണ്.

Previous Post Next Post