കണ്ണൂർ :- മിൽമ ബൂത്തിൽ ചായ ഉണ്ടാക്കാൻ അടുപ്പിൽ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക്ബാരലിലും കൊതുകിന്റെ കൂത്താടികൾ. വെള്ളം സൂക്ഷിക്കുന്ന പാത്രത്തിൽ പുഴുവിനെയും കണ്ടെത്തി. ഇതിനെത്തുടർന്ന് മുനീശ്വരൻ കോവിലിന് മുന്നിലെ മിൽമബൂത്ത് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവി ഭാഗം പൂട്ടിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ ഹോട്ടൽ പരിശോധനയിലാണ് നടപടി. നഗരത്തിലടക്കം ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതു കുജന്യരോഗങ്ങൾ കണ്ടെത്തി യതിനെ തുടർന്നാണ് ആരോഗ്യവിഭാഗം പരിശോധനകൾ നടത്തുന്നത്.
കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കാൻ നഗരത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും വാട്ടർടാങ്കുകൾ ശുചീകരിച്ച് പുതിയ വെള്ളം സംഭരിക്കണമെന്ന് ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും കർശനനിർദേശം നൽകിയിരുന്നു. ഇതുനിലനിൽക്കെയാണ് മിൽമബൂത്തിൽ നടത്തിയ പരിശോധനയിൽ മലിനമായ വെള്ളം പാചകാവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തിയത്.
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ആസ്പത്രികൾ എന്നിവിടങ്ങളിലെ ചില വാട്ടർടാങ്ക് ക്ലീൻചെയ്യാത്തനിലയിലും വാട്ടർടാങ്കുകൾ മൂടിവെക്കാത്തനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.സുധീർബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ സന്തോഷ്കുമാർ, എ.വി ജൂനറാണി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.