കണ്ണൂർ :- മലമ്പനി അപകടകരമായ ഒരു പൊതുജനാരോഗ്യപ്രശ്നമായി മാറാതിരിക്കാൻ ഊർജിത പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പും കോർപ്പറേഷനും. ഡെങ്കിപ്പനി നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് മലമ്പനിയും നഗരത്തിൽ കണ്ടെത്തിയത്. പ്ലാസ്മോഡിയം വൈവാക്സ് ഉണ്ടാക്കുന്ന വൈവാക്സ് മലേറിയയാണ് സ്ഥിരീകരിച്ചത്. ഇത് ഫാൽസിപാരം സ്പീഷിന്റെ അത്ര അപകടകാരിയല്ല. അനൊഫിലസ് സ്റ്റിഫൻസി എന്ന കൊതുകാ ണ് രോഗം പരത്തുന്നതെന്നും തിരിച്ചറിഞ്ഞു. ഈ കൊതുകിനെ കണ്ണൂരിൽ നഗരപ്രദേശത്ത് ധാരാളം കണ്ടെത്തുന്നുണ്ട്.
കൊതുക് പരത്തുന്ന രോഗങ്ങൾക്കെതിരേ ഒരുമാസത്തെ തീവ്രപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പും കോർപ്പറേഷൻ അധികൃതരും. പൊതുസ്ഥലങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഫോഗിങ് നടത്തും. ഫീൽഡ് സർവേ നടക്കുന്നുണ്ട്. ഇതിൽ കൊതുകിൻ്റെ ഉറവിടനശീകരണത്തിലും ശ്രദ്ധിക്കും. രാത്രിയിലെ രക്തപരിശോധനയും തുടരും. പ്രതിരോധപ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം 50 കണ്ടിൻജൻ്റ് ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നുണ്ട്.
കോർപ്പറേഷനിൽപ്പെട്ട ടെമ്പിൾ, തായത്തെരു, ആയിക്കര, താവക്കര, കാനത്തൂർ പ്രദേശ ങ്ങളിലൊക്കെ കൊതുകുസാന്ദ്രത വളരെയധികമാണ്. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ടാങ്കുകൾ, താഴ്ചയില്ലാത്ത കിണറുകൾ, ആൾ താമസമില്ലാത്ത വീടുകളിലെ കിണറുകൾ, സ്ഥാപനങ്ങളുടെ ടെറസ് തുടങ്ങിയ ഇടങ്ങളി ലാണ് അനൊഫിലസ് സ്റ്റിഫൻസി വളരുന്നത്. നിർമാണപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലൊക്കെ കൊതുക് പെരുകുന്നുണ്ട്.. അനൊഫിലസ് കൊതുകിന് പുറമെ, ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകും വീട്ടുപരിസരങ്ങളിൽ ധാരാളമുണ്ട്. ഇൻഡോർ പ്ലാൻറുകൾ ഈഡിസ് കൊതുകിന് അനുകൂല സാഹചര്യം ഒരുക്കുന്നതായി ഫീൽഡ് വർക്കർമാർ പറയുന്നു.