കമ്പിൽ :- വയനാട്ടിലെ ദുരിതബാധിതർക്ക് താനാൽ കഴിയുന്ന സഹായവുമായി കമ്പിലിലെ വിജയമ്മ. കമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തകർ കമ്പിൽ ടൗണിലെ ഷോപ്പുകളിൽ വയനാട് കാരുണ്യ നിധി ശേഖരിക്കുന്നതിനിടെയാണ് ഈ അമ്മയുടെ കാരുണ്യസഹായം എത്തിയത്. വിജയമ്മയുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പണം വേണ്ടെന്ന് പറഞ്ഞുവെങ്കിലും വയനാട്ടിലേക്കുള്ള തന്റെ സഹായം എന്ന നിലയിൽ പണം നൽകണമെന്ന നിർബന്ധത്താലാണ് വിജയമ്മയിൽ നിന്ന് പണം സ്വീകരിക്കാൻ പ്രവർത്തകർ നിർബന്ധിതരായത് .
കമ്പിൽ ടൗണിൽ റഹീം ഹോട്ടലിന് സമീപം സ്ഥിരമായി കാണാറുള്ള അമ്മയാണിത്. തമിഴ്നാട് സ്വദേശിനിയായ വിജയമ്മ 50 വർഷം മുന്നേ ഇവിടെ എത്തിയതാണ്. ആദ്യകാലങ്ങളിൽ ഇവിടെ ആക്രിവിറ്റായിരുന്നു ജീവിതം. വാർദ്ധക്യത്തെ തുടർന്ന് ജോലിചെയ്യുന്നില്ല. ഇപ്പോൾ കമ്പിലിലെ വ്യാപാരികളുടെയും കമ്പിലിലെത്തുന്ന സുമനസ്സുകളുടെയും സഹായം കൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.