തിരുവനന്തപുരം :- വന്ദേഭാരത് എക്സ്പ്രസിൽ സ്പീക്കർ എ.എൻ ഷംസീർ തന്നെ കാണാൻ വന്നയാളോട് ടിടിഇ മോശമായി പെരുമാറിയെന്ന പരാതിയിൽ ടിക്കറ്റ് എക്സാമിനറെ ജോലിയിൽനിന്നു മാറ്റിനിർത്തിയ നടപടി പിൻവലിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസ്സിൽ എക്സിക്യുട്ടീവ് ചെയർ കാറിൽ സ്പീക്കർ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ ചെയർകാറിൽ റിസർവേഷൻ ചെയ്തിരുന്ന മറ്റൊരു യാത്രക്കാരൻ എക്സിക്യുട്ടീവ് ചെയർ കാറിലെത്തി സ്പീക്കർക്കൊപ്പമിരുന്നു സംസാരിക്കുകയായിരുന്നു. കോട്ടയം വരെയും ഇത് തുടർന്നതോടെ അധിക ടിക്കറ്റ് എടുക്കണമെന്ന് യാത്രക്കാരനോട് ടിക്കറ്റ് എക്സാമിനർ ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ സ്പീക്കർ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് ശനിയാഴ്ച ഡിവിഷണൽ മേധാവിക്കു പരാതി നൽകി.തിരുവനന്തപുരം സ്റ്റേഷനിലെ ടിക്കറ്റ് എക്സാമിനർ പത്മകുമാറിനെതിരേയാണ് സ്പീക്കർ പരാതിപ്പെട്ടത്. തുടർന്ന് ടി ടി ഇ യ്ക്കെതിരെ റെയിൽവേ അച്ചടക്ക നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകൾ റെയിൽവേയുടെ ഈ നടപടിക്കെതിരെ രംഗത്ത് വരികയും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ജോലി കൃത്യമായി ചെയ്ത ടിടിഇക്കെതിരെയുള്ള നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ്ആർഎംയു രംഗത്തുവന്നു.
തുടർന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ റെയിൽവേ അധികൃതർ പരിശോധിക്കുകയും ടിക്കറ്റ് എക്സാമിനർ പറഞ്ഞതുപോലെ ചെയർകാറിലെ യാത്രക്കാരൻ അനധികൃതമായി കയറിയതായി കണ്ടെത്തുകയും സ്പീക്കറുടെ പരാതി വ്യാജമാണെന്ന് കണ്ട് ജീവനക്കാരൻ്റെ പേരിലെടുത്ത അച്ചടക്കനടപടി പിൻവലിക്കുകയുമായിരുന്നു.
ടിടിഇയെ വന്ദേഭാരത് ഡ്യൂട്ടി ചെയ്യാൻ അനുവദിച്ചതായി എസ്ആർഎം യു ഡിവിഷണൽ സെക്രട്ടറി എസ്.ഗോപികൃഷ്ണ പറഞ്ഞു.