കണ്ണാടിപ്പറമ്പ്:- സനാതനധർമ്മ പഠനവേദിയായ ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ് ദേവസ്വം ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ കൃഷ്ണായനം എന്ന പേരിൽ കൃഷ്ണഗാഥയെ ആസ്പദമാക്കി ജ്ഞാനയജ്ഞം നടക്കും.
ഗുരുവായൂർ മുൻ മേൽശാന്തി തൃശ്ശൂർ മൂർക്കന്നൂർ ബ്രഹ്മശീ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഭാഗവതകഥാ വ്യാഖ്യാനവും മധുരമായ ശ്രീകൃഷ്ണ ഭക്തി ഗാനാലാപനവും ഉൾപ്പെടുത്തിയുള്ള പ്രഭാഷണം ആകർഷണീയമാണ്. കൂടെ പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദൻ എറണാകുളം ശ്രീ. സി.വി. വിജയകുമാർ വേണുനാദ സംഗീതമാലപിക്കും.
നാറാത്ത് കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തി ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് ശ്രീ.കെ.വി.മുരളീമോഹനൻ ആചാര്യ പരിചയഭാഷണം നടത്തും. കോലത്തുനാട് മലയാള ഭാഷക്കു നൽകിയ കൃഷ്ണഗാഥയെ ആസ്പദമാക്കിയുള്ള ജ്ഞാനയജ്ഞത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജ്യോതിർഗമയ ഭാരവാഹികൾ അറിയിച്ചു.