സാമ്പത്തിക ഞെരുക്കം ; പദ്ധതികൾ ചുരുക്കാൻ സർക്കാർ തീരുമാനം


തിരുവനന്തപുരം :+ സാമ്പത്തിക ഞെരുക്കം മൂലം വികസന പദ്ധതികൾ മാറ്റിവയ്ക്കാനും വെട്ടിച്ചുരുക്കാനും സർക്കാർ തീരുമാനം.ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ 10 കോടി രൂപയ്ക്കു മുകളിൽ അടങ്കൽത്തുകയുള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റിവയ്ക്കണം. ഇതിനു കഴിയില്ലെങ്കിൽ 10 കോടിക്കുമുകളിലുള്ള പദ്ധതികൾക്കായി വകുപ്പിന് ആകെ ഭരണാനുമതിലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം നിർത്തണം. 10 കോടി രൂപയ്ക്കു താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിന് ആകെഭരണാനുമതി ലഭിച്ച തുകയുടെ 50 % തുക മാത്രമേചെലവിടാൻ പാടുള്ളൂ. മന്ത്രിസഭായോഗമാണ് ഈ സാമ്പത്തികവർഷത്തെ പദ്ധതി വിഹിതം ക്രമീകരിക്കാൻ മാർഗനിർദേശങ്ങൾ കൊണ്ടുവന്നത്. ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറുദിന കർമപരിപാടികളും മുടങ്ങാതിരിക്കാനുമാണു സർക്കാർ മുണ്ടുമുറുക്കിയുടുക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ധന, ആസൂത്രണ വകുപ്പ് സെക്രട്ടറിമാരും ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിയുമടങ്ങുന്ന സമിതിയാണു പദ്ധതികളുടെ അനിവാര്യത പരിശോധിക്കുക.10 കോടി രൂപയ്ക്കു താഴെയുള്ള പദ്ധതികളുടെ തുകയിൽ ഭേദഗതി വരുത്തി വകുപ്പുകൾ തന്നെ ചീഫ് സെക്രട്ടറിക്കു പട്ടിക കൈമാറണം. ഓരോ വകുപ്പുമായി ബന്ധപ്പെട്ട ആസൂത്രണ ബോർഡ് അംഗത്തെക്കൂടി അറിയിച്ചുവേണം പദ്ധതികളിൽ ഭേദഗതി വരുത്താനെന്നാണു നിർദേശം. പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ അടി സ്‌ഥാന സൗകര്യവികസന പദ്ധതികളെയാണു തീരുമാനം ബാധിക്കുക. വികസന പദ്ധതികളുടെ വേഗം കുറയും. ഡിസംബർ വരെ കടമെടുക്കാൻ 3753 കോടി രൂപ ശേഷിച്ചതിൽ 3000 കോടി കഴിഞ്ഞയാഴ്‌ച എടുത്തിരുന്നു. 753 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കാനുള്ള ലേലം മൂന്നിനു നടക്കും.

Previous Post Next Post