മസ്‌കറ്റ് :- ആടുജീവിതം സിനിമയിൽ വില്ലൻ വേഷം ചെയ്‌ത ഡോ.താലിബ് അൽ ബലൂഷിക്കെതിരെ സൗദി വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചാരണം നടൻ നിഷേധിച്ചു. ചിത്രത്തിൽ ക്രൂരനായ അർബാബിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചതിനു താലിബിനെ വിലക്കിയെന്ന പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. താലിബിൻ്റെ വേഷം സൗദി സ്വദേശികൾക്ക് അപമാനമായെന്നും അതിൻ്റെ പേരിൽ വിലക്ക് ഏർപ്പെ ടുത്താൻ രാജ്യം തീരുമാനിച്ചെന്നുമുള്ള പ്രചാരണം കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
സൗദിയിൽ പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ടുള്ള ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇതൊരു സിനിമ മാത്രമാണ്. ഒരു വേഷം അവതരിപ്പിക്കുക മാത്രമാണ് താൻ ചെയ്തത്. വില്ലൻ കഥാപാത്രമായിട്ടും ലോകമെമ്പാടുമുള്ള പ്രേക്ഷകർ അതിനെ ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയുമാണ് ചെയ്യുന്നതെന്നും താലിബ് അൽ ബലൂഷി പറഞ്ഞു. ആടുജീവിതത്തിന്റെ സംസ്ഥാന പുരസ്‌കാര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്.