ബെംഗളൂരു :- മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായുള്ള ആദ്യ ആളില്ലാദൗത്യം ഈ വർഷം ഡിസംബറിൽ വിക്ഷേപിച്ചേക്കും,. ഭ്രമണപഥത്തിലെത്തുന്ന ക്രൂ മൊഡ്യൂൾ കുറച്ചുദിവസം ഭൂമിയെ ചുറ്റിക്കറങ്ങി കടലിൽ പതിക്കും. യഥാർഥ ക്രൂ മൊഡ്യൂളിൻ്റെ അതേ സ്വഭാവമുള്ള ക്രൂ മൊഡ്യൂളാകും പരീക്ഷണത്തിന് ഉപയോഗിക്കുക.
ക്രൂ മൊഡ്യൂൾ തിരുവനന്തപുരത്തും സർവീസ് മൊഡ്യൂൾ ബെംഗളൂരു യു.ആർ റാവു സാറ്റലൈറ്റ് സെന്ററിലും പൂർത്തിയായിവരുകയാണ്. ഒന്നരമാസത്തിനകം എല്ലാ ഭാഗങ്ങളും ശ്രീഹരിക്കോട്ടയിലെത്തിക്കുമെന്നും ഡിസംബറിൽത്തന്നെ വിക്ഷേപിക്കാനാണ് ലക്ഷ്യമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.