ന്യൂഡൽഹി :- ഇന്ന് ആഗസ്റ്റ് 23 ആദ്യ ദേശീയ ബഹിരാകാശ ദിനം. ചന്ദ്രമണ്ഡലത്തിൻ്റെ ദക്ഷിണ ധ്രുവത്തിൽ ശിവശക്തി പോയിൻ്റിൽ വിക്രം ലാൻഡർ നിലംതൊട്ട അഭിമാന മുഹൂർത്തത്തിന് ഇന്ന് ഒരു വയസ്. രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ചന്ദ്രയാൻ മൂന്നിന്റെ വിജയവാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. 'ചന്ദ്രനെ തൊട്ടു, ജീവിതങ്ങളെയും' എന്ന പ്രമേയവാക്യവുമായാണ് ആദ്യ ബഹിരാകാശദിനം രാജ്യം ആഘോഷിക്കുന്നത്. ഭാരതത്തിൻ്റെ ബഹിരാകാശ വിജയഗാഥയുടെ സന്ദേശവാക്യമാണിതെന്ന് കേന്ദ്ര സ്പേസ് വകുപ്പ് സഹമന്ത്രി ഡോ.ജിതേന്ദ്രസിങ് പറഞ്ഞു.
2025ൽ ആദ്യ ഭാരതീയനെ ബഹിരാകാശത്തെത്തിക്കും. ബഹിരാകാശ മേഖലയിലെ പരീക്ഷണങ്ങൾക്കായി ആ യിരം കോടി രൂപ നിക്ഷേപം ലഭിക്കും. സ്വന്തം സ്പേസ് സ്റ്റേഷൻ 2035ൽ യാഥാർത്ഥ്യമാകും. 2045-ഓടെ ചന്ദ്രനിൽ ഭാരത പൗരൻ കാലുകുത്തും, അദ്ദേഹം പറഞ്ഞു. ദേശീയ ബഹിരാകാശ ദിനാഘോഷത്തിൻ്റെ ഭാഗമായി ബെംഗളൂരുവിലെ ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയത്തിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് പ്ലാനറ്റോറിയം ഡയറക്ടറും മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ ഡോ. ബി.ആർ ഗുരുപ്രസാദ് പറഞ്ഞു.