കൊളച്ചേരി :- ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാടിനെ സഹായിക്കാൻ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂളിലെ കുട്ടികൾ സ്കൂളിൽ ഏല്പിച്ച കുഞ്ഞു സമ്പാദ്യങ്ങൾ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പണക്കുടുക്ക പൊട്ടിച്ചും പിറന്നാൾ ആഘോഷം വേണ്ടെന്ന് വെച്ചുമെല്ലാമാണ് കുട്ടികൾ ചെറുതുകകൾ സ്കൂളിൽ വെച്ച പെട്ടിയിൽ നിക്ഷേപിച്ചത്.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡൻ്റ് കെ.പി അബ്ദുൾ മജീദ് കുട്ടികളിൽ നിന്നും ഏറ്റുവാങ്ങി. സ്കൂൾ ലീഡർ സന്മയ, മുഹമ്മദ് ഷയാൻ, നവമി, ധ്രുപദ്, രോഷ്നാഥ് എന്നീ കുട്ടികളാണ് തുക കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജ്മ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.വി അസ്മ, കെ.ബാലസുബ്രഹ്മണ്യൻ, സ്കൂൾ പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.