കണ്ണൂർ :- കോടതി നടപടികൾ ഇനി ഓൺലൈനിലാകും. കണ്ണൂരിൽ ഡിജിറ്റൽ കോടതി വരുന്നു. ഇനി സാക്ഷിവിസ്താരം കംപ്യൂട്ടറിനു മുന്നിൽ. ഏതു സമയത്തുവേണമെങ്കിലും കേസ് ഫയൽ ചെയ്യാം. കോടതി വ്യവഹാരങ്ങൾ പൂർണമായി ഓൺലൈൻ ആകുന്ന ഡിജിറ്റൽ കോടതി കണ്ണൂരിലും വരുന്നു. കണ്ണൂർ ഫാസ്റ്റ‌് ട്രാക്ക് കോടതിയാണ് ജില്ലയിൽ ആദ്യമായി ഡിജിറ്റലാകുന്നത്. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത് 15ന് ഉദ്ഘാടനം കഴിഞ്ഞിരുന്നു. എല്ലാ ജില്ലയിലും ഓരോ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ഡിജിറ്റലാകുന്നത്.
പതിവു കോടതിക്കാഴ്ചകളല്ല ഡിജിറ്റൽ കോടതിയിലുണ്ടാകുക. അവിടെ ജില്ലാ ജഡ്‌ജി മാത്രമേയുണ്ടാകൂ. നടപടിക്രമങ്ങളെല്ലാം ഡിജിറ്റലാകും. വിഡിയോ കോൺഫറൻസ് വഴിയാണു സാക്ഷിവിസ്‌താരം. സാക്ഷികൾ അഭിഭാഷകന്റെ ഓഫിസിൽ വിഡിയോ കോൺഫറൻസ് വഴി ഹാജരായാൽ മതി. റിമാൻഡ് പ്രതികൾക്ക് ജയിലിലെ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. ശിക്ഷിക്കപ്പെടുമ്പോൾ മാത്രമേ പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടി വരൂ.
അതുപോലെ കേസ് ഫയൽ ചെയ്യാൻ പ്രത്യേക സമയമൊന്നുമില്ല. നിലവിൽ കോടതി സമയം ആരംഭിച്ച ശേഷമേ കേസ് ഫയൽ ചെയ്യാൻ പറ്റൂ എന്നിരിക്കെ അഭിഭാഷകനോ പരാതി ക്കാരനോ ഏതു സമയത്തും കോടതിയുടെ വെബ്സൈറ്റിൽ കേസ് ഫയൽ ചെയ്യാം. 24x7 ആണ് ഡിജിറ്റൽ കോടതിയുടെ സമയം. ഡിജിറ്റൽ കോടതികൾ കടലാസ് രഹിതമായിരിക്കും. അഭിഭാഷകന്റെ കേസുകെട്ടുക ളൊന്നുമുണ്ടാകില്ല. എല്ലാം ഡിജിറ്റൽ രേഖകൾ മാത്രം. ചെക്ക് കേസുകൾ, മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ എന്നിവയാണ് ഡിജിറ്റൽ കോടതിയിൽ ആദ്യം വരുന്നത്. കണ്ണൂരിലെ കോടതി കെട്ടിടത്തിൽ തന്നെയാണ് ഡിജിറ്റൽ കോടതിയും പ്രവർത്തിക്കുക.