സംസ്‌ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു ; ഈ വർഷത്തെ എലിപ്പനി മരണം 253


തിരുവനന്തപുരം :- മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ സംസ്‌ഥാനത്ത് എലിപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയെന്നു മുന്നറിയിപ്പ്. ഈ വർഷം 8 മാസം പിന്നിട്ടപ്പോൾ 253 പേർ എലിപ്പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ വർഷം 283 പേരാണു മരിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് വിവരം സർക്കാരിന് കൈമാറാത്തതിനാൽ രോഗബാധിതരുടെയും മരണമടഞ്ഞവരുടെയുംകണക്കുകൾ കൃത്യമായി ലഭ്യമല്ല. ഇതിനുപുറമെ, രോഗം സ്ഥിരീകരിക്കാതെ വീട്ടിൽ മരിക്കുന്ന വരുമുണ്ട്. ഈ കണക്കുകളെല്ലാം ചേർത്താൽ മരണസംഖ്യ ഇരട്ടി യോളമാകുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിഗമനം. ഔദ്യോഗിക കണക്കനുസരിച്ചു 2021 മുതൽ ഈ രോഗം ബാധിച്ച് ആയിരത്തിലേറെ പേരാണു മരിച്ചത്. 

രോഗത്തെക്കുറിച്ചുള്ള അവ ബോധത്തിൻ്റെ കുറവും പ്രതിരോധ ഗുളിക കഴിക്കുന്നതിലെ വീഴ്ചയുമാണു മരണം കൂടാൻ കാരണം. കൂടുതൽ പേർ ഈ രോഗംമൂലം മരിക്കുമെന്നു കരുതിയിരുന്നത് 2018 ലെയും 2019 ലെയും പ്രളയകാലത്തായിരുന്നു. വീടുകളിലും കെട്ടിടങ്ങളിലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിട ന്നതാണു കാരണം. എന്നാൽ, ബോധവൽക്കരണവും പ്രതിരോധ മരുന്നിൻ്റെ വ്യാപക വിതരണവുമായപ്പോൾ എലിപ്പനിയെ ചെറുക്കാൻ കഴിഞ്ഞു. 2018 ൽ 2079 എലിപ്പനി കേസുകളും 99 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 2019 ൽ, 1211 രോഗബാധിതരിൽ 57 പേർ മരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി രോഗ, മരണ നിരക്കുകൾ കുറയ്ക്കാൻ കഴിഞ്ഞദിവസം ആരോഗ്യ വകുപ്പിന്റെ ദ്രുതപ്രതികരണ സംഘം (ആർആർടി) യോഗം ചേർന്നിരുന്നു.

Previous Post Next Post