തലശ്ശേരി - മാഹി ബൈപ്പാസിലെ അപകടങ്ങൾക്ക് വിരാമമാകും ; അടിപ്പാത ഉടൻ സ്ഥാപിക്കും


കണ്ണൂർ :- അപകടക്കവലയായി മാറിയ തലശ്ശേരി-മാഹി ബൈപാസിലെ ഈസ്റ്റ‌് പള്ളൂർ സിഗ്നൽ ജംക്‌ഷനിൽ അടിപ്പാത സ്‌ഥാപിക്കാൻ ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചു. തുടരെ അപകടങ്ങളും മരണങ്ങളും സംഭവിച്ചതോടെയാണ് ദേശീയപാതയിലെ ഏക സിഗ്നൽ ജംക്‌ഷൻ ഒഴിവാക്കാൻ തീരുമാനിച്ചത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാനും ബൈപാസിൽ തെരുവുവിളക്കുകൾ സ്‌ഥാപിക്കാനും ഉൾപ്പെടെ 39.35 കോടി രൂപയ്ക്കാണ് ടെൻഡറാണ് ക്ഷണിച്ചിരിക്കുന്നത്. 12 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കണം. തുടർന്ന് 5 വർഷത്തെ പരിപാലനവും കരാറിൻ്റെ ഭാഗമാണ്.

ഈസ്റ്റ് പള്ളൂർ സിഗ്‌നൽ ജംക്‌ഷനിൽ 6 മാസത്തിനിടെ അപകടങ്ങളിൽ 3 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സിഗ്നലുകളോ വീതിയേറിയ മീഡിയനുകളോ ഇല്ലാതെ തടസ്സരഹിതമായ യാത്രയാണ് ദേശീയപാത 66 ഉറപ്പു നൽകുന്നത്. എന്നാൽ ഇതിനു വിരുദ്ധമായി സിഗ്നൽ ജംക്ഷൻ ഏർപ്പെടുത്തിയതായിരുന്നു അപകടങ്ങൾക്കു കാരണം. ജൂൺ മുതൽ രാത്രി 10നും രാവിലെ 6നും ഇടയിൽ സിഗ്നൽ ജംക്‌ഷനിലെ പെരിങ്ങാടി - ചൊക്ലി റോഡ് അടച്ചിടാൻ തുടങ്ങിയതോടെയാണ് അപകടങ്ങൾ കുറഞ്ഞത്.

ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ സർവീസ് റോഡ് 13 ഇടങ്ങളിൽ മുറിഞ്ഞുകിടക്കുകയാണ്. ഇതു പൂർത്തിയാക്കാനും ബൈപാസിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനും ഉൾപ്പെടെയാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ബൈപാസിൽ വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സർവീസ് റോഡുകളിലേക്കും വെളിച്ചം ലഭിക്കുന്ന തരത്തിലാണ് വിളക്കുകൾ സ്ഥ‌ാപിക്കുക. ഇതിനു മാത്രം 12.8 കോടി രൂപയാണ് ചെലവു കണക്കാക്കിയിരിക്കുന്നത്.

Previous Post Next Post